കൊച്ചി ദര്‍ബാര്‍ ഹാളില്‍ ഇക്കഴിഞ്ഞ ജൂലൈ 31 മുതല്‍ ഒരു ലോകമുണ്ട്. നമ്മള് ഇത് വരെ അനുഭവിച്ചോ കണ്ടോ പരിചയിച്ചിട്ടില്ലാത്ത പച്ചയായ ജീവിതത്തിന്റെ 280 നേര്കാഴ്ചകള്. ഫോട്ടോമ്യൂസിന്റെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പ്രദർശനമാണ് കാണികള്‍ക്ക് ദൃശ്യ വിസ്മയങ്ങളുടെ വിരുന്നൊരുക്കുന്നത്. യുഎസ്എ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നും ഉള്ള പ്രശസ്തരായ 140 ഫോട്ടോഗ്രാഫര്‍മാരുടെ 280 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഈ അന്താരാഷ്ട്ര പ്രര്ശനത്തില് മലയാളിയ്ക്കും മലയാള സിനിമയ്ക്കും ഒന്ന് അഭിമാനിക്കാം. കാരണം ഈ പ്രദര്‍ശനത്തില്‍ നടി രഞ്ജിനിയുടെ ഭര്‍ത്താവ് പിയര്‍ കോംമ്പാറയുടെ ചിത്രങ്ങളും ഉണ്ട്. ഇദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളാണ് പ്രദര്ശനത്തിലുള്പ്പെട്ടിട്ടുള്ളത്.
സമകാലീന ഫോട്ടോഗ്രാഫിയുടെ ഒരു വ്യോമദൃശ്യമാണ് ഇദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളും പകര്‍ന്ന് നല്‍കുന്നത്. ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയും, പ്രകൃതി ഫോട്ടോഗ്രാഫിയും മുതല്‍ ലളിതകലാ-പരീക്ഷണാത്മക ഫോട്ടോഗ്രാഫി വരെയുള്ള ശാഖകളുടെ നവീന മാതൃകകള്‍ ഇവിടെ കാണാം. ഫോട്ടോഗ്രാഫറുടെ കലയും പ്രിന്റ് നിര്‍മാണത്തിന്റെ ശാസ്ത്രവും സമ്മേളിക്കുന്ന അപൂര്‍വ അനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളാണ് ഓരോന്നും. ഭാരതത്തിലെ ഏറ്റവും വലിയ ആര്‍ക്കൈവല്‍ പ്രിന്റ് പ്രദര്‍ശനങ്ങളില്‍ ഒന്നാണിത്. മത്സരാധിഷ്ടിതമല്ലാതെ നടത്തപ്പെടുന്ന പ്രദര്‍ശനം ഇന്ന് അവസാനിക്കും.
രാവിലെ 11 മണിമുതല്‍ 7 മണിവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
പിയര്‍ കോംമ്പാറ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം
Recent comments