Entertainment

സ്വന്തം കഴിവുകളിൽ വിശ്വസിച്ച വീട്ടമ്മയുടെ വിജയ കഥ..

By Shyjil kk

December 29, 2017

ഒരു സ്ത്രീയുടെ സ്വപ്ങ്ങൾക്ക് പരിധി നിശ്ചയിക്കുന്നതാരാണ്.????? ‘ഹൗ ഓൾഡ് ആർ യൂ’ വിലെ നിരുപമ രാജീവിനെ ഇന്ത്യൻ പ്രസിഡന്റിന്റെ മുന്നിലെത്തിച്ച ചോദ്യമാണിത്…ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ തട്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും കുഴിച്ചു മൂടിയ അനവധി വീട്ടമ്മമാർ നമുക്ക് ചുറ്റുമുണ്ടാകും…പക്ഷെ തൃശൂർ സ്വദേശി ശ്രുതി യെദുലാൽ എന്ന വീട്ടമ്മയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്..സ്വന്തം കഴിവുകളുടെ ചിറകിലേറി സ്വപ്നങ്ങളുടെ ആകാശത്തു പാറിനടന്ന് ഒടുവിൽ വലിയ വിജയങ്ങൾ നേടിയെടുത്ത പോരാളിയുടെ കഥ…മലയാളി വീട്ടമ്മയെന്ന റിയാലിറ്റി ഷോയിൽ വിജയിയായി ഒരു കോടി രൂപയും ഇന്നോവ കാറും സ്വന്തമാക്കിയ ശ്രുതി യെദുലാലുമായുള്ള അഭിമുഖം…

മലയാളി വീട്ടമ്മയിലേക്കുള്ള വഴി..???

ടീവിയിൽ പരസ്യം കണ്ടാണ് ഓഡിഷനു അപേക്ഷിച്ചത്. പരിപാടിയിൽ പങ്കെടുക്കാമെന്നോ വിജയിക്കാമെന്നോ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല..ലൂസിയ പാലസിലെ ഓഡിഷൻ കഴിഞ്ഞ് മൂന്ന് നാലു മാസങ്ങളോളം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല..പിന്നീടൊരുനാൾ ഫോണിലേക്കു വന്ന മിസ്ഡ് നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ് അത് ഫ്ലവേഴ്സ്‌ ചാനലിൽ നിന്നനാണെന്നും ഫൈനൽ ഓഡിഷന് വരണമെന്നും അറിയിക്കുന്നത്..അപ്പോഴും ഫൈനൽ ഓഡിഷന് പോകണമോയെന്ന സംശയത്തിലായിരുന്നു ഭർത്താവ്..ഒടുവിൽ എന്റെ ഇഷ്ടം അതാണെന്നറിഞ്ഞപ്പോൾ എല്ലാവിധ പിന്തുണയും നൽകി..

ഭർത്താവ്, കുടുംബം, അവരുടെ പിന്തുണ…? സത്യം പറഞ്ഞാൽ അവരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണ് എനിക്കിങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായത്. എന്റെയും ഭർത്താവിന്റെയും അച്ഛനമ്മമാർ, മറ്റു ബന്ധുക്കൾ എല്ലാവരും ആദ്യ നാളുകൾ മുതലേ പൂർണ പിന്തുണ നൽികിയിരുന്നു..എല്ലാത്തിലുമുപരിയായി എന്റെ മോളുടെ സ്നേഹം.. ഒരിക്കൽപോലും അവളില്ലാതെ ഞാൻ പ്രോഗ്രാമിനു പോയിട്ടില്ല….ആദ്യ ദിവസങ്ങളിലൊക്കെ അവൾ കരയുമായിരുന്നു..പിന്നീട എന്റെ സാഹചര്യം മനസ്സിലാക്കിയ അവൾ ഞങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് എല്ലാത്തിനും കൂടെ നിന്നു..ഒരുപക്ഷെ അവൾക്ക് അങ്ങനെയൊരു പൊരുത്തപ്പെടൽ സാധ്യമായിരുന്നില്ലെങ്കിൽ മലയാളി വീട്ടമ്മയിൽ നിന്ന് ഞാൻ എന്നെ പിന്മാറുമായിരുന്നു..അതുകൊണ്ട് തന്നെ എന്റെയീ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും എന്റെ മോൾക്കുള്ളതാണ്..അവളാണ് എന്റെ എല്ലാം…

ഗ്രാൻഡ് ഫിനാലെയ്ക്കുള്ള തയ്യാറെടുപ്പുകൾ..വെല്ലുവിളികൾ??? ഗ്രാൻഡ് ഫിനാലെയുടെ റൗണ്ടുകൾ അറിഞ്ഞത് മുതൽ ചാലഞ്ജ് റൗണ്ടിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു…ആദ്യം ഫയർ ഡാൻസ് കളിക്കാമെന്ന് കരുതിയെങ്കിലും അത് മറ്റൊരു മത്സരാർത്ഥി നേരെത്തെ തിരഞ്ഞെടുത്തതിനാൽ തീരുമാനം മാറ്റേണ്ടിവന്നു..പിന്നീടാണ് റോപ്പ് ഡാൻസും മറ്റു അഭ്യാസങ്ങളും പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്..റോപ്പ് ഡാൻസും ലാഡർ പെർഫോമൻസും പഠിച്ചത് കൊല്ലത്തു നിന്നുമാണ്.കരാട്ടെ അഭ്യാസങ്ങളും മറ്റും എടപ്പാളിൽ നിന്നും..മൊത്തം കൊറിയോഗ്രാഫി സെറ്റ് ചെയ്തത് തൃശ്ശൂരിൽ നിന്നും..അങ്ങനെ മൂന്നു സ്ഥലങ്ങളിലായി ചിതറിക്കിടക്കുയായിരുന്നു എന്റെ തയ്യാറെടുപ്പുകൾ…പോരാത്തതിന് ലാഡർ ഡാൻസിനിടെ പരിക്ക് പറ്റുകയും കാലിൽ ഫ്രാക്ച്ചറായി കുറച്ചു ദിവസം വിശ്രേമിക്കേണ്ടി വരികയും ചെയ്തിരുന്നു.. വിശ്രമത്തിനിടെയായിരുന്നു സ്കിറ്റിനുള്ള തയാറെടുപ്പുകൾ.. ഫിനാലെയ്ക്കുള്ള സ്കിറ്റ് തയ്യാറാക്കിയത് കോഴിക്കോട് സ്വദേശി അജിത്താണ്. സത്യത്തിൽ ഇതെല്ലം പഠിച്ചെടുക്കാൻ എനിക്ക് കിട്ടിയത് വെറും 2 ദിവസം മാത്രമാണ്..ഒടുവിൽ ഗ്രാൻഡ് ഫിനാലെയുടെ തലേന്ന് പ്രത്യേക അനുമതി വാങ്ങി മലയാളി വീട്ടമ്മയുടെ സെറ്റിൽ വെച്ചാണ് എല്ലാ പ്രകടനങ്ങളും ഒരുമിച്ചുകൊണ്ടുള്ള പരിശീലനം നടത്തിയത്..അന്ന് വൈകീട്ട് 3 മണിക്ക് തുടങ്ങിയ പ്രാക്ടീസ് പിറ്റേന്ന് പുലർച്ചെ 4 മണിക്കാണ് കഴിഞ്ഞത്.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ എനിക്ക് പൂർണമായി പരിശീലനം നടത്താൻ സാധിച്ചത് ഈ പതിമൂന്നു മണിക്കൂറുകൾ മാത്രമാണ്…പക്ഷെ ദൈവാനുഗ്രഹത്താൽ എല്ലാം നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു.ആണികൾക്ക് മുകളിൽ കിടന്നുകൊണ്ട് സ്വന്തം ശരീരത്തിൽ വെച്ചു കല്ല് പൊട്ടിക്കുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു..പക്ഷെ അന്നേരം  എന്റെ ശരീരം ഉരുക്കായി മാറിയത് പോലെയാണ് അനുഭവപ്പെട്ടത്..ഒട്ടും വേദന തോന്നിയില്ല..ഇരുമ്പ് കമ്പികൾ വളക്കാനും ലാഡർ ഡാൻസ് വിജയകരമായി പൂർത്തിയാക്കാനും എന്നെ സഹായിച്ചത് എന്റെ മനസ്സിന്റെ ശക്തി തന്നെയാണ് മനസ്സ് ശരീരത്തെ പാകപ്പെടുത്തുകയായിരുന്നു ..എന്നാലും 3 മാസം കൃത്യമായ വ്യായാമങ്ങൾ ചെയ്യണമെന്നാണ് നിർദേശം..അല്ലാത്ത പക്ഷം അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും…

കൂടെയുണ്ടായിരുന്ന മത്സരാർത്ഥികൾ..അവർക്കൊപ്പമുള്ള സൗഹൃദം..?? എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ..അതുകൊണ്ടു തന്നെ കൂടെയുണ്ടായിരുന്ന 19 പെരുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്..പക്ഷെ എലിമിനേഷൻ റൗണ്ടുകളിൽ നമുക്ക് വളരെ പ്രിയപ്പെട്ട വ്യക്തികൾക്ക് നമ്മൾ തന്നെ മാർക്കിടുകയും വിലയിരുത്തുകയും ചെയ്യേണ്ടിവരുമ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്..നമ്മൾ കാരണം മറ്റൊരാൾ പുറത്തു പോകുമോയെന്നോർത്തുള്ള വിഷമം..പിന്നെ അതൊന്നും നമ്മുടെ കയ്യിലല്ല, മത്സരത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതി സമാധാനിക്കും..ഫിനാലെയുടെ റിസൾട്ട് വന്നതിനു ശേഷം കൂടെ മത്സരിച്ച എല്ലാവരും ഫോണിൽ വിളിച്ചഭിനന്ദിച്ചിരുന്നു…

ഭാവി പരിപാടികളെക്കുറിച്ച്??? റേഡിയോ ജോക്കിയാവണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം..പ്രോഗ്രാമിനിടെ ജഡ്‌ജായിരുന്ന അംബിക പിള്ള മാഡം എനിക്ക് റേഡിയോ ജോക്കിയാവാൻ കഴിയുമെന്ന് പറഞ്ഞിരുന്നു..അത് കേട്ടപ്പോൾ വലിയ ആത്മവിശ്വാസം തോന്നി… പിന്നെ ഞാൻ മുൻപ് പല തവണ പറഞ്ഞിട്ടുള്ള പോലെ..ശ്രിന്ദയെപ്പൊലൊരു ഒരു സിനിമാ നടിയാകണം..കുടുംബത്തെ നന്നായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള ഒരു സിനിമാ താരം..മകളും ഭർത്താവും കുടുംബവും കഴിഞ്ഞേ മറ്റെന്തുമുള്ളു…

മലയാളി വീട്ടമ്മയിലേക്ക് വരുന്നതിനു മുൻപും ശേഷവും??

ഈ പരിപാടിക്കു മുന്നേ ഒരിക്കൽപോലും ക്യാമറയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്തയാളയിരുന്നു ഞാൻ..അതു കൊണ്ടു തന്നെ ആദ്യ നാളുകളിൽ വല്ലാത്ത ഭയവും ചമ്മലുമൊക്കെയുണ്ടായിരുന്നു..ടാസ്കുകൾ ചെയ്തു വിജയിപ്പിക്കുന്നതിന് ഇത്തരം ഘടകങ്ങൾ വിഘാതമാകുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ പതിയെ എല്ലാം മാറ്റിയെടുത്തു..ഇപ്പോൾ ഏതു വേദിയിൽപോയാലും കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വന്നിട്ടുണ്ട്..എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റം തന്നെയാണത്.. പിന്നെ ഒരു വർഷം മുൻപ് ആരാരുമറിയാത്ത ഒരു സാധാ വീട്ടമ്മയായിരുന്നു ഞാൻ..ഇപ്പോൾ ഒരുപാട് പേർ അറിയുന്ന , സ്നേഹിക്കുന്ന ഒരാളായി മാറി .ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ഒരുപാടുപേർ സ്നേഹം പങ്കുവെക്കുന്നത് വലിയ സന്തോഷമാണ്..എന്റെ നാടും നാട്ടുകാരും ഏറ്റെടുത്ത വിജയമായിരുന്നു എന്റേത്..ഒരു നാടിന്റെ മുഴുവൻ സ്നേഹം ലഭിക്കുകയെന്നത് വർണിക്കാനാകാത്ത അനുഭൂതിയാണ്..സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല..ഒരു വർഷത്തിനിടെ എന്റെ ജീവിതം ഇത്രമേൽ മാറിമറിയുമെന്ന്..എല്ലാത്തിനും കാരണം ഫ്ലാവെഴ്സ് ചാനലും മലയാളി വീട്ടമ്മയെന്ന പരിപാടിയുമാണ്..മലയാളി വീട്ടമ്മമാരുടെ പ്രധിനിധിയെന്ന നിലയിൽ അവരോട് എന്താണ് പറയാനുള്ളത്??? കുടുംബത്തെ സ്നേഹിക്കുന്നതോടൊപ്പം തന്നെ സ്വന്തം കഴിവുകൾ കണ്ടെത്തുക..അവ പരിപോഷിപ്പിക്കുക. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക… കഴിവിന്റെ പരമാവധി എല്ലായ്പ്പോഴും നൽകുക.നമ്മൾ വിജയിക്കുകതന്നെ ചെയ്യും..തീർച്ച…