Flowers special

രമൺ ശ്രീവാസ്തവയോ  അതോ എയർ ഫോഴ്സ് വിങ് കമാണ്ടർ ബാസിനോ?

By Unni Krishnan

December 28, 2017

– ഉണ്ണികൃഷ്ണൻ സി –

ചാരക്കേസിൽ രമൺ ശ്രീവാസ്തവയുടെ നിരപരാധിത്വം  അന്നത്തെ  അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘാംഗം മുൻ എസ്. പി. ബാബുരാജിൻറെ വെളിപ്പെടുത്തൽ. ബാംഗ്ലൂരിലെ ആർമി ക്ലബ്ബിൽവെച്ച് ഫൗസിയ ഹസ്സനും മറിയം റഷീദയും കണ്ടുമുട്ടി 10 ലക്ഷം കൈമാറിയ “കോട്ടുവാല” രമൺ ശ്രീവാസ്തവ അല്ലെന്നും അത് എയർ ഫോഴ്സ് വിങ് കമാണ്ടർ ബാസിനായിരുന്നെന്നും അന്നേ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടെന്നും അത് കണ്ടെത്തിയ തന്നെ ചോദ്യം ചെയ്യലിൽനിന്നു മനപ്പൂർവം മാറ്റിയെന്നും ബാബുരാജ് വെളിപ്പെടുത്തുന്നു.

ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്ത “ചാരക്കഥയിലെ സൂത്രധാരൻ” എന്ന ശ്രീകണ്ഠൻ നായർ ഷോക്കായി നടത്തിയ അഭിമുഖത്തിലാണ് ജി. ബാബുരാജിൻറെ വെളിപ്പെടുത്തൽ.

ബാംഗ്ലൂരിലെ ആർമി ക്ലബ്ബിൽവെച്ച്  ഫൗസിയ ഹസ്സനും മറിയം റഷീദയും ഒരു കോട്ടുവാലക്ക് 10 ലക്ഷം രൂപ കൈമാറിയെന്നും അത് അന്നത്തെ ഐ. ജി. രമൺ ശ്രീവാസ്തവയായിരുന്നെന്നുമുള്ള പത്രവാർത്തകളുടെ നിജസ്ഥിതി തേടിയെത്തിയ പ്രത്യേക അന്വേഷണ സംഘം അവിടെ വെച്ച് എയർ ഫോഴ്സ് വിങ് കമാണ്ടർ ബാസിനെ കണ്ട കഥയാണ് ബാബുരാജ് വെളിപ്പെടുത്തുന്നത്. വിങ് കമാണ്ടർ ബാസിന് ഐ. ജി. രമൺ ശ്രീവാസ്തവയുമായി രൂപസാദൃശ്യം ഉണ്ടായിരുന്നെന്നും അത് തെറ്റിധാരണയ്ക്ക് ഇടയാക്കിയെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

പിന്നീട് പ്രത്യേക അന്വേഷണ സംഘത്തലവൻ സിബി മാത്യൂസിനൊപ്പം ഫൗസിയ ഹസ്സനേയും  മറിയം റഷീദയേയും ചോദ്യം ചെയ്യാൻ പോയപ്പോൾ അവർ എയർ ഫോഴ്സ് വിങ് കമാണ്ടർ ബാസിൻറെ ഫോട്ടോ കണ്ടു അത് രമൺ ശ്രീവാസ്തവയാണെന്ന് തറപ്പിച്ചുപറഞ്ഞെന്നും ബാബുരാജ് പറയുന്നു. ഇതിലൂടെ കോട്ടുവാലയുടെ കള്ളകഥയും രമൺ ശ്രീവാസ്തവയുടെ നിരപരാധിത്വവും ബോധ്യപെട്ടു. രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഐ. ബി. ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സിബി മാത്യൂസ് തന്റെ ആത്മ കഥയിൽ പറയുന്നുണ്ട്.

രമൺ ശ്രീവാസ്തവ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനുശേഷം തന്നെ ചോദ്യം ചെയ്യൽ സംഘത്തിൽ നിന്നും മാറ്റിയതായും ബാബുരാജ് പറയുന്നു. ബാബുരാജ് വിശ്വസ്തനല്ലെന്നും അതുകൊണ്ട് തുടർന്നുള്ള കോഫറൻസുകളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് ഐ. ബി. ഉദ്യോഗസ്ഥർ പറഞ്ഞതായും സിബി മാത്യൂസ് തൻറെ ആത്മകഥയായ “നിർഭയ”ത്തിൽ പറയുന്നുണ്ട്.

കരുണാകരനെ അട്ടിമറിക്കാൻ അദ്ദേഹത്തിൻറെ വിശ്വസ്തനായ രമൺ ശ്രീവാസ്തവയെ ചാരക്കേസിൽ ഉൾപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചിരുന്നുവെന്നതായി ഇതിൽനിന്നെല്ലാം മനസ്സിലാക്കാം.

ഫൗസിയ ഹസ്സന്റെ പുതിയ അഭിമുഖവും, കെ.പി.സി.സി. പ്രസിഡണ്ട് എം.എം. ഹസ്സന്റെ കുമ്പസാരവും ചാരക്കേസ് ആർക്കോ വേണ്ടി ഉണ്ടാക്കിയതാണെന്നതിൻറെ വെളിപാടുകളാണ്.