ചാരക്കേസിന് പുതുജീവൻ പകർന്ന്   ഫ്‌ളവേഴ്‌സിലെ ശ്രീകണ്ഠൻ നായർ ഷോ.

By Fasal ul Abid

December 27, 2017

– ഉണ്ണികൃഷ്ണൻ സി –

ചാരം മൂടിക്കിടന്ന ചാരക്കേസ് ഇപ്പോൾ വീണ്ടും കനലൂതി തെളിയുന്നു… പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു…  തുറന്നു പറച്ചിലുകൾ…. മാപ്പപേക്ഷ… പിന്നെ കുറെ കുമ്പസാരങ്ങളും…. വാർത്താ മാധ്യമങ്ങൾ വീണ്ടും സടകുടഞ്ഞെഴുന്നേൽക്കുന്നു…. ചാരക്കേസ് വീണ്ടും സമൂഹത്തിനുമുന്നിൽ സജീവമാകുന്നു. ചാരക്കേസിൻറെ പിന്നാമ്പുറകഥകൾ തേടി,  അതിൻ്റെ സൂത്രധാരനേയും തിരഞ്ഞ്, കഴിഞ്ഞ 4 എപ്പിസോഡുകളാണ്  ശ്രീകണ്ഠൻ നായർ ഷോ സഞ്ചരിച്ചത്. സി. ബി. ഐ. കുറ്റവിമുക്തനാക്കിയിട്ടും സാമൂഹ്യ വിചാരണയുടെ നീണ്ട 24 വർഷങ്ങൾ പിന്നിട്ട് കനലെരിയുന്ന മനസ്സുമായി നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ സത്യം തേടി അലയുമ്പോൾ ചാരക്കേസ് ഉണ്ടാക്കിയവർക്കോ, അതിനു കൂട്ടുനിന്നവർക്കോ അധികകാലം മാളത്തിലൊളിക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ഈ ഷോ സമ്മാനിക്കുന്നത്.

എപ്പിസോഡ് – 1 ഇല്ലാക്കഥകൾ മെനഞ്ഞ് കുറെ പേരുടെ ഭാവിയും, രാജ്യത്തിൻറെ ഭാഗധേയവും നശിപ്പിച്ചവരെ കാലം കാരാഗൃഹത്തിലടക്കുമെന്നതിൻറെ സാക്ഷ്യപ്പെടുത്തലുകളാണ് പുതിയ വെളിപ്പെടുത്തലുകളും കുമ്പസാരങ്ങളും. നാടിനെ ഒറ്റിക്കൊടുത്ത ചാരന്മാരെന്ന് മുദ്രകുത്തി, നുണക്കഥകളെഴുതാൻ മത്സരിച്ച ‘മ’ പ്രസിദ്ധീകരണങ്ങൾതന്നെ അവർ  വിശുദ്ധന്മാരാണെന്ന് പുതിയ വെളിപ്പെടുത്തലുകളുമായി  ഇപ്പോൾ മത്സരിക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന ചിന്തയിലാണ് നമ്മൾ. ഫൗസിയ ഹസ്സന്റെ ഇന്റർവ്യൂ വളരെ കഷ്ടപ്പെട്ട് മാലിയിൽ പോയി സങ്കടിപ്പിക്കുന്നു. ചാരക്കേസ് നടന്നില്ലെന്നും, കെട്ടിച്ചമച്ചതാണെന്നും നമ്പി നാരായണനെ കണ്ടിട്ടില്ലെന്നും, എല്ലാം തല്ലി പറയിപ്പിച്ചതാണെന്നും ഫൗസിയ പറയുന്നത് ബാനർ ഹെഡിങ്ങിൽ കളറിൽ കൊടുക്കുന്നു. പ്രായശ്ചിത്തമാണോ, അതോ കാലം അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതോ…? എന്തായാലും 24 വർഷം കഴിഞ്ഞെങ്കിലും പലർക്കും ബുദ്ധി തെളിഞ്ഞല്ലോ….? ഭാഗ്യം…! റേറ്റിംഗിനും സെൻസേഷനും ഒരു ഉളുപ്പുമില്ലാതെ എന്തും ചെയ്യാൻ മടിക്കാത്ത മാധ്യമ ധർമ്മത്തിനുമുന്നിൽ നമുക്ക് നമസ്ക്കരിക്കാം.

എപ്പിസോഡ് – 2കഴിഞ്ഞ 4 എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത ശ്രീകണ്ഠൻ നായർ ഷോയിലൂടെ നമ്പി നാരായണൻ മുന്നോട്ടുവെക്കുന്ന ചില കാര്യങ്ങൾ കണ്ടെത്തേണ്ട ബാധ്യത ഈ സമൂഹത്തിനുണ്ട്.

1. ചാരക്കേസ് ആരുടെയെങ്കിലും സൃഷ്ടിയാണെങ്കിൽ അതിൻറെ  സൂത്രധാരൻ ആര്? 2. ഇന്ത്യൻ ബഹിരാകാശരംഗത്തെ പുരോഗതിയെ തകർക്കാൻ അമേരിക്കൻ ചാര സംഘടന സി. ഐ. എ. നടപ്പാക്കിയ പദ്ധതിയാണോ ഈ ചാരക്കേസ്…? ആണെങ്കിൽ അത് ഇന്ത്യയിൽ നടപ്പാക്കാൻ അവർ ആരെയാണ് വിലക്ക് വാങ്ങിയത്? 3. കെ. കരുണാകരനെതിരെയുള്ള രാഷ്ട്രീയ അട്ടിമറിക്ക് ആയുധമാക്കിയതാണോ ചാരക്കേസ്? 4. രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയും നീതിപീഠവും ചാരക്കേസ് നടന്നിട്ടില്ലെന്നും, അതിൽ കുറ്റക്കാരാണെന്ന് കേരള പോലീസും ഇന്റലിജൻസ് ബ്യുറോയും കണ്ടെത്തിയവർ നിരപരാധികളാണെന്നും കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നൽകാതെയും ഇതിനു കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതും എന്തുകൊണ്ടാണ്? 5. ചാരക്കേസിന്റെ സത്യാവസ്ഥ കണ്ടെത്താൻ സത്യസന്ധമായ ഒരു പുനരന്വേഷണത്തിൻറെ ആവശ്യകത.

നീതി തേടിയുള്ള അദ്ദേഹത്തിൻറെ യാത്രക്ക് പിന്തുണയേകേണ്ടത് ഈ സമൂഹത്തിന്റെ ബാധ്യതയാണ്. ചാരക്കേസ് അന്വേഷിച്ച അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിൻറെ തലവൻ ഡോ.  സിബി മാത്യൂസിന് ഇതിന്റെ സത്യാവസ്ഥ അറിയാമെങ്കിൽ ഇനിയെങ്കിലും തുറന്ന് പറയണം എന്ന ആവശ്യമാണ് ഈ ഷോയിലൂടെ നമ്പി നാരായണൻ മുന്നോട്ടു വെക്കുന്നത്.  അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്. പി. ബാബുരാജും, ഡി. വൈ. എസ്. പി. ജോഷ്വായും ചാരക്കേസ് അന്വേഷണത്തിൽ ഒരുപാട് വീഴ്ചകൾ പറ്റിയെന്ന് തുറന്ന് പറയുന്നതും ഈ പ്രത്യേക സാഹചര്യത്തിൽ പരിഗണിക്കേണ്ടതാണ്. പ്രത്യേക അന്വേഷണ സംഘത്തിൻറെ തലവൻ ഡോ.  സിബി മാത്യൂസിൻറെ ആത്മകഥ “നിർഭയ”ത്തിൽ ചാരക്കേസ് പരാമർശിക്കുന്ന അധ്യായത്തിൽ കൊടുത്തിട്ടുള്ള ചില കാര്യങ്ങളിലെ വൈരുധ്യവും ചാരക്കേസ് ഒരു പുനർ  വിചാരണയ്ക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.

എപ്പിസോഡ് -3 നേരിട്ടുള്ള ഒരു സംസാരത്തിനു ഡോ.  സിബി മാത്യൂസിനെ ക്ഷണിച്ചാണ് നമ്പി നാരായണൻ ശ്രീകണ്ഠൻ നായർ ഷോയോട് വിടപറയുന്നത്. അദ്ദേഹം അതിനു തയ്യാറായാൽ സത്യം തെളിയിക്കാനുള്ള ബാധ്യത നമ്പി നാരായണൻ ഏറ്റെടുക്കുമെന്നും പറയുന്നു.

എപ്പിസോഡ് -4 മറിയം റഷീദ, ഫൗസിയ ഹസ്സൻ, രമൺ ശ്രീവാസ്തവ, ഐ. എസ്. ആർ. ഒ. ശാസ്ത്രജ്ഞൻ ശശികുമാർ തുടങ്ങിയവരെല്ലാം കുറ്റവിമുക്തരായെങ്കിലും അവരെല്ലാം ഇപ്പോഴും സമൂഹത്തിന്റെ കൺവെട്ടത്തുനിന്നുമാറി ജീവിക്കുമ്പോഴും ചാരക്കേസിൻറെ സൂത്രധാരനെ തേടിയുള്ള പോരാട്ടത്തിലാണ് നമ്പി നാരായണൻ. താൻ കുറ്റക്കാരനല്ലെന്ന അടിയുറച്ച വിശ്വാസമാണ് ആ പോരാട്ടത്തിൻറെ പിൻബലം. തന്നെ ചാരനാക്കിയവരുടെ മുഖം മൂടി സമൂഹത്തിൻറെ മുന്നിൽ പിച്ചിച്ചീന്തുകയെന്നത് അദ്ദേഹത്തിൻറെ ജീവിത വ്രതവും. അഗ്നിശുദ്ധിവരുത്തിയ അദ്ദേഹത്തിൻറെ മനസ്സിലും ധിഷണയിലുമെരിയുന്ന കനലിൽ ഇനിയും പലർക്കും ചട്ടുപൊള്ളും. ഒരു നിമിഷമെങ്കിലും നാം അദ്ദേഹത്തെ ചാരനെന്ന് സംശയിച്ചിട്ടുണ്ടെങ്കിൽ അതിൻറെ പ്രായശ്ചിത്തമായെങ്കിലും ശ്രീ. നമ്പി നാരായണൻറെ പോരാട്ടത്തിനൊപ്പം നമുക്കും അണിചേരാം.