Entertainment

നിയോഗിന്റെ യാത്ര…..നമ്മുടെയും

By Shyjil kk

December 19, 2017

മൈനസ് 30 ഡിഗ്രി വരെ താഴുന്ന കടുത്ത ശൈത്യത്തിൽ 300 കിലോ മീറ്റർ നീളുന്ന ആർട്ടിക്കിന്റെ വന്യ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്ര..ഏതൊരു യാത്ര പ്രേമിയും കൊതിക്കുന്ന അതിസാഹസികമായ യാത്രക്കൊരുങ്ങുകയാണ് കൊല്ലം പുനലൂർ സ്വദേശി നിയോഗ് കൃഷ്ണ എന്ന ഇരുപത്തിയാറുകാരൻ..ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ    പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നിലയിൽ യാത്രാപ്രേമികളുടെ ഹൃദയത്തിലും ചരിത്രത്തിലും ഇടം നേടിയ നിയോഗ് കൃഷ്ണയ്ക്കൊപ്പം ഫ്ളവേർസ് ചാനൽ

യാത്രകളോടുള്ള പ്രണയത്തെപ്പറ്റി ? വളരെ ചെറുപ്പംതൊട്ടേ യാത്രകളോടു വലിയ അഭിനിവേശമായിരുന്നു. കുടുംബത്തോടൊപ്പം പുനലൂരിൽ നിന്ന് തെന്മല വഴി ശിവകാശിയിലേക്കുള്ള യാത്രയിൽ നിന്നാണ് എന്റെ യാത്രകളുടെ കണക്കു പുസ്തകം തുടങ്ങുന്നത്.കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കു കടക്കുമ്പോൾ കണ്ട വൈവിധ്യമാർന്ന കാഴ്ചകൾ – വ്യത്യസ്തമായ സംസ്കാരം , ജീവിത രീതി, വിശ്വാസങ്ങൾ, ഭാഷ എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മറഞ്ഞു് കിടക്കുന്ന ഇത്തരം വൈവിധ്യമാർന്ന കാഴ്ചകളുടെ ലോകത്തേക്ക് യാത്രയാവണം എന്ന് ചിന്തിച്ചു തുടങ്ങിയതും അന്നു തൊട്ടാണ്. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ചെറുതും വലുതുമായ നിരവധി യാത്രകൾ നടത്തി. ഓരോ യാത്രകൾ കഴിയുമ്പോഴും പ്രണയം കൂടി കൊണ്ടേയിരുന്നു.ഇപ്പോഴും എപ്പോഴും യാത്രകളെ പ്രണയിച്ചുകൊണ്ടേയിരിക്കാൻ ഇഷ്ടപ്പെടുന്നു ..

180 ദിവസം, കയ്യിൽ ചില്ലിക്കാശില്ലാതെയുള്ള യാത്ര…. ആ അനുഭവം ?

തികച്ചും അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു അത്.. പുനലൂരിൽ നിന്ന് 200 രൂപയുമായി തിരുവനന്തപുരത്തേക്ക് വണ്ടികയറി ..അവിടെയെത്തിയപ്പോഴേക്കും ആ പണം മുഴുവൻ കഴിഞ്ഞിരുന്നു. പിന്നീട് ഒരു രൂപ പോലുമില്ലാതെ വഴിയിൽ കാണുന്ന, തികച്ചും അപരിചിതരായ ആൾക്കാരുടെ സഹായത്താലുള്ള യാത്ര….ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.. ഭക്ഷണം ലഭിക്കാതെ , ഒരു ലിഫ്റ്റ് പോലും കിട്ടാതെ കിലോമീറ്ററുകളോളം നടക്കേണ്ടിവന്നിട്ടുണ്ട്…ചിലർ ഭക്ഷണം ചോദിച്ചപ്പോൾ തരാതിരുന്നിട്ടുണ്ട്..വാഹനങ്ങൾ ഒന്നും കിട്ടാത്തതിനാൽ രാമേശ്വരത്തു നിന്നു ധനുഷ്കോടിയിലേക്ക് 24 കിലോമീറ്റർ നടക്കേണ്ടി വന്നിട്ടുണ്ട് .. അങ്ങനെ കുറെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത , ഒരു പരിചയവും ഇല്ലാത്ത എത്രയോ പേർ എന്നെ സഹായിച്ചിട്ടുമുണ്ട് ..ഭക്ഷണം വാങ്ങിച്ചു തന്നിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ കൃത്യസ്ഥലത്തു എത്തിച്ചു തന്നിട്ടുണ്ട്..ട്രാക്കുകളിലായിരുന്നു കൂടുതലും യാത്ര ചെയ്തിരുന്നത് .കാളവണ്ടിയിൽ വരെ കിലോമീറ്ററുകളോളം യാത്ര ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്..ഇതെല്ലം യാത്രയുടെ ഭാഗമാണ്.. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ജീവിതത്തിന്റെയും…ഓരോ യാത്രകളും എന്നെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാക്കുന്നു ..കൂടുതൽ വിശാലമായി ചിന്തിക്കാൻ, ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. ഞാനും നിങ്ങളുമെന്നതിനപ്പുറം വലിയ ഒരു ആകാശവും ഭൂമിയുമുണ്ടെന്ന് എന്നെ പഠിപ്പിക്കാൻ ഈ യാത്രകൾക്ക് കഴിഞ്ഞിട്ടുണ്ട്.

300 കിലോമീറ്റർ ആർട്ടിക് വന്യത ആസ്വദിച്ചുകൊണ്ടുള്ള യാത്ര .. ആരും കൊതിക്കുന്ന യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകൾ? ഏകദേശം മൂന്നു വർഷത്തോളമായി Fjallraven (ഫിയൽ റാവൽ) എന്ന ആർട്ടിക് പോളാർ സ്‌പൈഡിഷനെകുറിച്ചു പഠിക്കാൻ തുടങ്ങിയിട്ട്.. അപ്ലൈ ചെയ്തപ്പോഴൊന്നും അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല…പക്ഷെ എല്ലാം സാധിച്ചു ..വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ..വളരെ പ്രതികൂലമായ കാലാവസ്ഥയെയും പ്രതിരോധിക്കാൻ പാകത്തിൽ മനുഷ്യരെ പാകപ്പെടുത്തുകയെന്ന ലക്‌ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്.

സിനിമയോടുള്ള താല്പര്യം ?? സത്യത്തിൽ യാത്രകൾക്കുമുന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് സിനിമയെയാണ്..കുട്ടിക്കാലത്തു ടോയ് കാറുമായി കളിക്കുമ്പോൾ പോലും അതെല്ലാം ഒരു സിനിമയിലെന്നപോലെയാണ് മനസ്സിൽ കണ്ടിരുന്നത്. +2 കഴിഞ്ഞു പൂനെയിൽ llb ക്കു ചേർന്നെങ്കിലും പഠിച്ചതു കൂടുതലും അവിടെ അടുത്തുള്ള ഫിലിം ഇന്സ്ടിറ്റിയൂട്ടിൽ നിന്നുമാണ് . സിനിമയെക്കുറിച്ചു ആഴത്തിൽ പഠിച്ചതും അവിടെ നിന്നാണ് .ബർണിങ് വെൽസ് എന്ന ഇംഗ്ലീഷ് സിനിമ ക്കു വേണ്ടി IV ശശി സാറോടൊപ്പം തിരക്കഥ എഴുതാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കാണുന്നു. ഭാവിയിൽ ഒരു ഫിലിം ഡയറക്ടർ ആകണമെന്ന് തന്നെയാണ് ആഗ്രഹം..മനസ്സിൽ ഒരു ട്രാവൽ മൂവിയുടെ കഥയുമുണ്ട്. ദുൽഖർ സൽമാനെയും ബിജുമേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ട് യാത്രയുടെ വിവിധ തല ങ്ങളെക്കുറിച്ചു പറയുന്ന ഒരു സിനിമയാണ് മനസ്സിൽ ..എല്ലാ സ്വപ്നങ്ങളും നടന്നതുപോലെ ഒരുനാൾ അതും നടക്കും..തീർച്ച …എപ്പോഴൊക്കെ എൻറെ സിനിമയുടെ കഥ ഗതിയറിയാതെ നിന്നുപോയിട്ടുണ്ടോ അപ്പോഴൊക്കെ എന്റെ യാത്രാനുഭവങ്ങളിലൂടെ ആ കഥയ്ക്ക് പുതു ജീവൻ വെച്ചിട്ടുണ്ട്.പണമില്ലാതെ ഞാൻ നടത്തിയ യാത്ര എന്റെ സിനിമയ്ക്കു വലിയ പ്രചോദനമായിട്ടുണ്ടെന്ന് സാരം .

51078 വോട്ടുകളോടെ ഏഷ്യയിലെ ഒന്നാമനായി യാത്രക്കൊരുങ്ങുന്നു.ഇത്രയും വലിയ സപ്പോർട്ട് പ്രതീക്ഷിച്ചിരുന്നോ ?

ഒരിക്കലുമില്ല …എന്റെ ഫേസ്ബുക് സുഹൃത്തുക്കളും അവർ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളുമാണ് എനിക്ക് ഇത്രയും വലിയ സപ്പോർട്ട് കിട്ടാൻ വേണ്ടി പ്രവർത്തിച്ചത്.. എന്റെ സ്വപ്നസാക്ഷാത്കാരത്തിനു കൂടെ നിന്നവരിൽ പലരും എനിക്ക് മുന്പരിചയമോ മറ്റു ബന്ധങ്ങളോ ഇല്ലാത്തവരാണ് ..യാതകൾ നൽകിയ കൂട്ടുകാരാണ് അവർ.. ഒരുപാട് യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക് നൽകാനുള്ള ഉപദേശം ? യാത്രകളിൽ ഒരിക്കലും ഒരു ഡെസ്റ്റിനേഷൻ വെക്കാതിരിക്കുക്ക. ഓരോ നിമിഷവും ആസ്വദിക്കുക..ഓരോ വ്യക്തികളെയും നിരീക്ഷിക്കുക ,പഠിക്കുക…ലോകത്തെക്കുറിച്ചു കൂടുതൽ അറിയുക ..നന്നായി യാത്ര ചെയ്യുക.സ്വയം തിരിച്ചറിയുക .