Comedy Utsavam

കോമഡി ഉത്സവം – Episode 84 #Watch Video

By Shyjil kk

December 18, 2017

കാഴ്ചയുടെ വിസ്മയമൊരുക്കി  കോമഡി  ഉത്സവം!!!

നേരാ തിരുമേനി ……ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല……MG സോമൻ തകർത്തഭിനയിച്ച ഈ സീൻ കണ്ട് രോമാഞ്ചം വന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതേ ഡയലോഗ് സാക്ഷാൽ എം.സ് തൃപ്പുണിത്തുറയാണ് പറയുന്നതെങ്കിലോ? ക്ഷിപ്രകോപിയായ കമ്മീഷണർ ഭരത് ചന്ദ്രൻ IPS ആയി വിഖ്യാത നടൻ ബഹദൂർ രംഗ പ്രവേശനം നടത്തിയാലോ? കമ്മട്ടിപ്പാടത്തിലെ കൃഷ്‌ണനായി നമ്മുടെ സ്വന്തം മാമുക്കോയയും കൂടി എത്തിയാൽ എങ്ങനെയുണ്ടാവും ?. ഇത്തരത്തിൽ മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഡയലോഗുകൾക്ക് ആരും പ്രതീക്ഷിക്കാത്ത നടന്മാരുടെ ശബ്ദം നൽകി കോമഡി ഉത്സവത്തിന് പുത്തൻ രസക്കൂട്ടുകൾ നൽകുകയാണ് തിരുവല്ലക്കാരൻ ജോബിൻ. ഓട്ടോ ഡ്രൈവറായ ജോബിൻ ഓട്ടം കാത്തുനിൽക്കുന്ന ഒഴിവു നേരങ്ങളിലാണ്‌ ഇത്തരം പുത്തൻ അനുകരണ പരീക്ഷണങ്ങൾ നടത്തുന്നതെന്നതാണ് മറ്റൊരു വിസ്മയം. മുണ്ടക്കയത്തുകാരൻ അരുൺ ഗ്രേസിയുടെ കമൽഹാസനും പ്രകാശ് രാജും മധുബാലകൃഷ്ണനും കൂടി ചേരുന്നതോടെ ആനുകരണത്തിന്റെ തികവുറ്റ ഉത്സവമാകുന്നു ഇത്തവണത്തെയും കോമഡി ഉത്സവം. മധു ബാലകൃഷ്ണന്റെ ശബ്ദത്തിൽ മനോഹരമായി ഗാനം ആലപിച്ച അരുൺ, അനുകരണത്തിനുമപ്പുറം മികച്ച ഒരു ഗായകൻ കൂടിയാണ് താനെന്ന് തെളിയിക്കുന്നു ..

രണ്ടു പതിറ്റാണ്ടായി അനുകരണ രംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന തൃശൂർക്കാരൻ സതീഷ്‌ കേവലം 10 മിനുട്ട് കൊണ്ട് 101 പേരുടെ ശബ്ദം അനുകരിച്ചു കൊണ്ട് മിമിക്രി രംഗത്ത് പുത്തൻ ചരിത്രം രചിക്കുന്ന അവിസ്മരണീയമായ കാഴ്ചയ്ക്കാണ് സ്പെഷ്യൽ പെർഫോമൻസ് വേദി ഇത്തവണ സാക്ഷ്യം വഹിച്ചത് . വെറും 6 സെക്കന്റിന്റെ വ്യത്യാസത്തിൽ നിരവധി നടന്മാരുടെ ശബ്ദങ്ങൾ ഞൊടിയിടയിൽ മിന്നി മറഞ്ഞപ്പോൾ , അതെല്ലാം കണ്ണിമ വെട്ടാതെ നോക്കി നിന്നുപോകുന്ന അമ്പരപ്പിന്റെ ലോകത്തേക്കാണ് കാണികൾ എത്തിയത്. അവിശ്വസനീയമായ പ്രകടനത്തിന്റെ മികവിൽ ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഒരുങ്ങുകയാണ് സതീഷ് എന്ന അതുല്യ പ്രതിഭ…10 മിനുട്ടിനുള്ളിൽ സിനിമ താരങ്ങളും, രാഷ്ട്രീയ നേതാക്കളും , കായികതാരങ്ങളുമടക്കം 101 പേരുടെ ശബ്‍ദം അനുകരിക്കാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല എന്ന വസ്തുതയറിയുമ്പോഴാണ് സതീഷ് എന്ന കലാകാരന്റെ പ്രതിഭയുടെ തിളക്കവും മിമിക്രി എന്ന കലയോടുള്ള  അദ്ദേഹത്തിന്റെ സമർപ്പണവും ബോധ്യമാകുന്നത്.

ഒരിക്കൽ കൂടി കോമഡി ഉത്സവത്തിന്റെ വേദിയിലേക്കെത്തിയ ആട്ടം കലാ സമിതി, തങ്ങളുടെ സ്വതസിദ്ധമായ രീതിയിൽ തന്നെ ഇത്തവണയും സംഗീത വിസ്മയമൊരുക്കുന്നു. ഉത്സവം അവിടെയും അവസാനിക്കുന്നില്ല ….. സ്മ്യൂൾ ആപ്പിലൂടെ പ്രശസ്തനായ സതീഷ് എന്ന പാലക്കാട്ടുകരനെയാണ് വൈറൽ വീഡിയോ വിഭാഗത്തിൽ പരിചയപ്പെടുത്തന്നത്. S .P ബാലസുബ്രഹ്മണ്യത്തിൻറെ കടുത്ത ആരാധകനായ സതീഷ്, അദ്ദേഹം പാടിയ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. S .P യുടെ ശബ്ദത്തിൽ, സംഗീതത്തിന്റെ മാസ്മരികതയുമായെത്തുന്ന സതീഷ് സ്മ്യൂൾ ആപ്പിലൂടെ വലിയ ആകാശം സ്വപ്നം കാണുന്ന എല്ലാ ഗായകർക്കും പ്രതീക്ഷയാകുന്നു…

സ്പോ ട്ട് ഡബ്ബിങ്ങിൽ ശശി കലിംഗക്ക് വേണ്ടി കോമഡി ഉത്സവത്തിലൂടെ സുപരിചിതനായ മിഥുൻ രാജ് ഒരിക്കൽക്കൂടി എത്തുന്നു. കൗതുകമുണർത്തുന്ന ചിരിയുടെ ഉത്സവക്കാഴ്ചകളുമായി കോമഡി ഉത്സവം എപ്പിസോഡ് 84.വീഡിയോ കാണാം..