Shows

ശ്രീ മൂകാംബികാം (ജ്ഞാനാംബികയുടെ തിരുനടയിൽ…!)

By Unni Krishnan

September 29, 2017

ഹൃദയത്തിൻറെ വലംപിരിശംഖിൽ നിറച്ച ഭക്തിയുടെ തുളസീതീർത്ഥവുമായി മൂകാംബികയുടെ തിരുനടയിലേക്ക് ഒരു മഹാതീർത്ഥാടനം- അതാണ് ഈ ഡോക്യൂമെന്ററി. ഭക്തിനിർഭരമായ മൂകാംബികയിലെ മഹാപ്രദക്ഷിണ വഴികളിലൂടെ ഒരു ദൃശ്യസംസ്‌കാര യാത്ര.

ഇനി നിങ്ങളുടെ ഹൃദയങ്ങളിൽ നിറയട്ടെ വിശ്വമാതാവായ മൂകാംബികയുടെ അനുഗ്രഹകുങ്കുമം. അറിവിൻറെ തിരുനെറ്റിയിൽ തൊടൂ ആദ്യാക്ഷരങ്ങളുടെ ഹരിശ്രീചന്ദനം…! ശ്രീ മൂകാംബികാം…

ജാതിമത വ്യത്യാസമില്ലാതെ മാലോകർക്ക് പ്രവേശിക്കാൻ കഴിയുന്ന ആരാധനാലയങ്ങളാണ് യഥാർത്ഥ ദൈവീകാലയങ്ങൾ. കലയുടെയും അക്ഷരത്തിൻറെയും ശ്രീകോവിലുകൾക്കുമുന്നിലല്ലേ നാം ശരിക്കും പ്രാർത്ഥിക്കേണ്ടത്, ശിരസ്സുനമിക്കേണ്ടത്…? പ്രകൃതി ക്രിയാത്മകതയുടെ തട്ടകമാവുമ്പോൾ പ്രാർത്ഥനകൾ ജ്ഞാനത്തിനുവേണ്ടിയുള്ള നിലവിളികളാവുന്നു. ലോകം മുഴുവൻ സൂക്ഷ്മവും സ്ഥൂലവുമായ അർത്ഥത്തിൽ ദേവാലയങ്ങളുമാവുന്നു.

ജഗദംബികയാണ് മൂകാംബിക. എല്ലാ വിഭാഗീയതകളെയും നിരാകരിച് പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ സകലതിനെയും ഉൾക്കൊള്ളുന്ന അമ്മ- മൂകാംബിക. മാനവീയതയുടെ ആ മഹാ ശ്രീകോവിലിൻറെ മുന്നിലേക്കാണ് ഈ യാത്ര. അതും ആയിരങ്ങൾ ആദ്യാക്ഷരം നുകരുന്ന ഈ മഹാനവരാത്രി കാലഘട്ടത്തിൽ. ശ്രീ മൂകാംബികാം

മൂകാംബിക- ആ പേരിൽത്തന്നെയില്ലേ അറിവിൻറെ പരംപൊരുൾ. മൂകതയെന്നാൽ വാക്കില്ലാത്ത അവസ്ഥയെന്നല്ല, വാക്ക് പോരാത്ത അവസ്ഥയെന്നാണ്. അഗാധമായ മൗനം വാചാലമാണ്. അർത്ഥസമ്പുഷ്ടമായ ആ ദേവീചൈതന്യത്തിൽനിന്ന് പ്രവഹിക്കുന്ന മൗനം അതീവ വാചാലമാണ്. ഈ മഹാമൗനത്തിൻറെ ഉള്ളംകൈയിലുള്ളത് ജ്ഞാനത്തിൻറെ പൊൻ നെല്ലിക്കയാണ്. വെറും 32 വയസ്സിൽ ഭാരതം മുഴുവൻ സഞ്ചരിച്ച ഒരു വലിയ മനുഷ്യൻ തപസ്സനുഷ്ഠിച്ച സ്ഥലമാണിത്. സർവജ്ഞ പീഠം കയറാനെത്തിയ ശങ്കരാചാര്യരുടെ ധ്യാനത്തിനുമുന്നിൽ ദേവി പ്രത്യക്ഷപ്പെട്ട ഇടം. കംഹാസുരനെ കൊല്ലാൻ ആദിപരാശക്തിയായി അവതരിച്ച അമ്മയെ ശങ്കരാചാര്യരാണ് ഇവിടെ പ്രതിഷ്ഠിച്ചത്. കോലമഹർഷി തപസ്സാനിഷ്ഠിച്ച സ്ഥലമായതിനാലാണ് കോലാപുരമെന്ന പേരും പിന്നീടത് ലോപിച്ചു കൊല്ലൂരുമായത്.

ഇവിടെ ആദ്യാക്ഷരം കുറിക്കുന്നവർ, ആദ്യ കീർത്തനം പാടുന്നവർ, പുതിയ ചിലങ്ക സമർപ്പിക്കുന്നവർ, അങ്ങനെ എല്ലാവരും ജീവിതത്തിൻറെ എല്ലാത്തരം സർഗാത്മകതയ്ക്കും ഒരനശ്വര തുടക്കം കുറിയ്ക്കാനാണ് ഈ തിരുനടയിലെത്തുന്നത്. സ്വർണംകൊണ്ട് കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുമ്പോൾ വിലമതിക്കാനാവാത്തതാണ് അക്ഷരമെന്ന് പ്രതീകാത്മകമായി ധ്വനിക്കപ്പെടുന്നു.

അക്ഷരമാണ് ആത്മാവിൻറെ അന്നം. അതുകൊണ്ടുതന്നെ ആചാര്യൻ കുഞ്ഞിൻറെ ചൂണ്ടുവിരൽ കൊണ്ട് അരിയിലെഴുതിക്കുമ്പോൾ അക്ഷരമാണ് നിൻറെ അന്നമെന്നും വിദ്യയിലൂടെയാണ് നീ ജീവിതോപാധി കണ്ടെത്തേണ്ടതെന്ന അർത്ഥം പ്രകാശിതമാവുന്നു. നാളെ ആദ്യാക്ഷരം കുറിക്കുന്ന ഏവർക്കും ഫ്ളവേഴ്സിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീമൂകാംബികാം നിങ്ങൾക്കേവർക്കുമായി സമർപ്പിക്കുന്നു.