CSN

എന്റമ്മേടെ ജിമിക്കി കമ്മൽ…. ഈ ഹിറ്റ് ഗാനത്തിൻറെ അണിയറ രഹസ്യവുമായി ഇന്നത്തെ കോമഡി സൂപ്പർ നൈറ്റ് 3

By Unni Krishnan

September 25, 2017

മലയാള സിനിമയിൽ ഒരു ഗാനരംഗത്ത് അഭിനയിക്കണമെന്ന് മോഹൻലാൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഏതായിരിക്കും. ഉത്തരം ഒന്ന് മാത്രമായിരിക്കും. ജിമിക്കി കമ്മൽ… വെളിപാടിന്റെ പുസ്തകം ഒരു മോഹൻലാൽ ചിത്രമായിട്ടും ആ ചിത്രത്തിലെ ഇത്രയും ഹിറ്റായ ഈ ഗാനരംഗത്തിൽ മുഴുനീളം ഡാൻസ് ചെയ്ത് അഭിനയിക്കാൻ സാധിക്കാതെ പോയതിൻറെ വിഷമം എന്തായാലും അദ്ദേഹത്തിനുണ്ടാകും. അവസാന ഭാഗത്ത്‌ മോഹൻലാൽ സൈക്കിളിൽ വരുന്ന ഒരു രംഗമുണ്ടെങ്കിലും ആ ഗാനത്തിൻറെ വിജയത്തിൻറെ അവകാശം അതിന്റെ സൃഷ്ടാക്കളായ സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും രചയിതാവ് അനിൽ പനച്ചൂരാനും ഗായകൻ വിനീത് ശ്രീനിവാസനും അതുപോലെ ആ ഗാന രംഗത്ത് അഭിനയിച്ച ആപ്പാനി ശരത്തിനും മാത്രം അവകാശപ്പെട്ടതാണ്. നഷ്ടമോഹത്തിൻറെ സഫലീകരണത്തിനായി ജിമിക്കി കമ്മലിൻറെ പുതിയൊരു വേർഷനിൽ മോഹൻലാൽ ഡാൻസ് ചെയ്തു തകർക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.

ജിമിക്കി കമ്മലിന് ദിവസവും പുതിയ പുതിയ വേർഷനുകൾ ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ഈ ഗാനം ഒരു തരംഗമായി തുടരുന്നു. അവയെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുന്നു.

ഇതിന്റെ സന്തോഷത്തിലാണ് ഈ ഗാനത്തിന് സംഗീതം നിർവഹിച്ച ഷാൻ റഹ്‌മാനും ആ ഗാനരംഗം അവിസ്മരണീയമാക്കിയ അപ്പാനി ശരത്തും കോമഡി സൂപ്പർ നൈറ്റ് 3 യിൽ ഇന്ന് എത്തുന്നത്. ജിമിക്കി കമ്മൽ ഉണ്ടായതിന്റെ പിന്നിലെ കഥകൾ ഷാനും ചിത്രീകരണ സമയത്തെ വിശേഷങ്ങൾ ശരത്തും പങ്കുവെച്ചു. ചിത്രത്തിലെ ഗാനരംഗത്തേക്കാൾ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ചുവടുവച്ച വിഡിയോയുടെ നിർമ്മാതാക്കളും അഭിനേതാക്കളും ഇവരുടെ കൂടെ കോമഡി സൂപ്പർ നൈറ്റിൽ എത്തുന്നു.

വളരെ കാലം മുൻപുതന്നെ കോളേജ് കാമ്പുസുകളിലും നാട്ടിൻപുറത്തും ഹിറ്റായ ഒരു വാമൊഴിച്ചന്തം നിറഞ്ഞ നാടൻ പാട്ടാണ് ജിമിക്കി കമ്മൽ. ഓരോ നാടിന്റെയും പ്രത്യേകതകൾക്കനുസരിച്ചു ഗാനത്തിന്റെ വരികൾക്ക് മാറ്റമുണ്ടായിരുന്നു. കുറച്ചു നാൾ മുൻപ് ഫ്‌ളവേഴ്‌സിലെ തന്നെ കട്ടുറുമ്പ് എന്ന ഷോയിൽ ഒരു കുട്ടി ഈ ഗാനത്തിൻറെ വ്യത്യസ്തമായ ഒരു വേർഷൻ പാടി അവതരിപ്പിച്ചിരുന്നു.

വെളിപാടിൻറെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും പ്രസിദ്ധ എഴുത്തുകാരനുമായ ബെന്നി പി. നായരമ്പലമാണ് ഷാൻ റഹ്മാനോട് ഈ ഗാനത്തിന്റെ ആദ്യ നാല് വരികൾ കൊടുത്ത്‌ അതിന്റെ ട്യൂണിൽ ഒരു ഗാനമുണ്ടാക്കാൻ ആവശ്യപ്പെടുന്നത്. ഗാനവും വരികളും ഇഷ്ടമായ ഷാൻ റഹ്‌മാന്‌ ബെന്നി നൽകിയ ജിമിക്കി കമ്മൽ എന്ന് തുടങ്ങിയ ആദ്യ നാല് വരികൾ ഉപേക്ഷിക്കാൻ തോന്നിയില്ല. ബാക്കി വരികൾ അനിൽ പനച്ചൂരാൻ ഗംഭീരമായി എഴുതി നൽകിയപ്പോൾ അത് ഒരു ഹിറ്റ് ഗാനത്തിൻറെ പിറവിക്കു കാരണമായി. പിന്നീട് ബെന്നിയെയും ലാൽ ജോസിനെയും സമ്മതിപ്പിച്ചു ഈ നാല് വരികളും കൂടി ഉൾപ്പെടുത്തുകയായിരുന്നെന്ന് ഷാൻ വെളിപ്പെടുത്തുന്നു. നമുക്കൊരുപാട് കാലത്തേക്ക് അടിച്ചുപൊളിക്കാൻ ഒരു ഗാനമായിയെന്ന് ഈ ഗാനം പടിക്കഴിഞ്ഞപ്പോൾ വിനീത് പറഞ്ഞതും കൂടി കേട്ടപ്പോൾ ഷാൻ റഹ്‌മാന്‌ ആത്മ വിശ്വാസം കൂടി. പക്ഷെ ഈ രീതിയിൽ ജനങ്ങൾ ജിമിക്കി ഏറ്റെടുക്കുമെന്ന് ഷാനും അതിന്റെ നിർമ്മാതാക്കളും കരുതിയിരിക്കില്ല തീർച്ച.