ഒരു സിനിമ പ്രഖ്യാപിച്ച അന്ന് മുതല്‍ വിവാദം. മലയാളം സിനിമ ഇന്റസ്ട്രിയില്‍ ഈ ശനി ദശ കുറച്ച് നാളുകളായി പ്രതാപ് പോത്തനോടൊപ്പമാണ്. ലവ് ഇന്‍ അന്‍ജെംഗോ എന്ന ചിത്രം പ്രഖ്യാപിച്ച അന്ന് മുതല്‍ വിടാതെ കൂടിയതാണിത്.
ആദ്യം ഈ സിനിമ ജയറാമിന്റെ മകന് കാളിദാസനെ കൊണ്ട് അഭിനയിപ്പിക്കും എന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ പ്രായമായ സംവിധായകരോടൊപ്പം സിനിമ ചെയ്യില്ല എന്ന് പറഞ്ഞ് കാളിദാസ് പിന്മാറിയെന്ന് പ്രതാപ് പോത്തന് തന്നെ ഫെയ്സ് ബുക്കില്‍ കുറിച്ചു. അന്ന് തുടങ്ങിയ രാശിപിഴവാണ് ഈ സിനിമയുടേത്. അടുത്ത വിവാദം നിര്‍മ്മാണത്തെ സംബന്ധിച്ചായിരുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഈ സിനിമ നിര്‍മ്മിക്കും എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്തകള്‍. എന്നാല്‍ അതും പിന്നീട് മാറി മറിഞ്ഞു. അവസാനം ഇത് പ്രതാപ് പോത്തന് തന്നെ നിര്‍മ്മിക്കുമെന്ന വാര്‍ത്തകളാണ് കേട്ടത്. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്നത് അഞ്ജലി മേനോന്റെ തിരക്കഥയ്ക്ക് നിലവാരം ഇല്ലാഞ്ഞതിനാല്‍ പ്രതാപ് പോത്തന് ആ പ്രോജക്റ്റ് പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്നാണ്. വാര്‍ത്ത ശരി വച്ച് പ്രതാപ് പോത്തനും രംഗത്തെത്തി. മോശം തിരക്കഥയില്‍ എനിക്ക് ചിത്രം ചെയ്യേണ്ട കാര്യമില്ലെന്നും തിരക്കഥയ്ക്കായി കാത്തിരുന്ന് എന്റെ ഒരു വര്‍ഷമാണ് നഷ്ടപ്പെട്ടതെന്നും പ്രതാപ് പോത്തന് പറയുന്നു. തന്റെ നിര്‍ദേശങ്ങള്‍ ഒന്നും അഞ്ജലി പാലിച്ചില്ല. തന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരാളുമായി താനെന്തിന് സിനിമ ചെയ്യണം. മോശം സിനിമ ചെയ്ത് നാണക്കേട് ഉണ്ടാക്കണ്ട കാര്യമില്ല- എന്നും പ്രതാപ് പോത്തന് പറയുന്നു.

Recent comments