Entertainment

ധൻസിക കീഴടക്കിയ കബാലി

By Bindiya Muhammed

July 22, 2016

സ്‌ക്രീനിൽ രജനികാന്ത് എന്ന അമാനുഷിക താരത്തിന്റെ സാന്നിധ്യം കുറഞ്ഞു പോയത് കൊണ്ട് നിരാശയിലേക്കു വീഴുന്ന ആരാധകരെ ധൻസിക എന്ന താരം സമാധാനിപ്പിച്ചെഴുന്നേൽപ്പിക്കുന്നു എന്നതാണ് കാത്തിരുന്ന വമ്പൻ കബാലിയുടെ ഹൈലൈറ്. ഒരു ശരാശരി രജനികാന്ത് ചിത്രമല്ല കബാലി. ഒരു നടൻ എന്ന നിലയിലുള്ള രജനീകാന്തിന്റെ സ്കോർ ശരാശരിയിലും താഴെയാണെങ്കിലും വെള്ളിത്തിരയിൽ അദ്ദേഹം തീർക്കുന്ന മായാജാലമാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. സത്യത്തിൽ ഈ കഥയ്ക്കും സന്ദർഭങ്ങൾക്കും പാ.രഞ്ജിത്തിന് ഒരു നടനെയായിരുന്നു ആവശ്യം; ഒരു താരത്തെ ആയിരുന്നില്ല.

ഇവിടെ കേരളത്തിൽ അതിരാവിലെ അഞ്ചു മണിക്ക് ടിക്കറ്റ് കരസ്ഥമാക്കി ചിത്രം കാണാനിരുന്നവർക്ക് ആവേശമുണർത്തിയ തുടക്കം നൽകാൻ അതിലെ രംഗങ്ങൾക്ക് കഴിഞ്ഞു. എന്നാൽ പതിവില്ലാത്ത കുറെ മാറ്റങ്ങൾ പ്രേക്ഷകനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇതു ഉൾക്കൊണ്ടു തന്നെ ചിത്രത്തിൽ കബാലീശ്വരൻ എന്ന നായകനിലൂടെ രജനികാന്ത് തന്നെ ഈ മാറ്റം ഉണ്ടായത് ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുമുണ്ട്. വലിയ മാറ്റം രജനീകാന്ത് എന്ന നിത്യഹരിത സൂപ്പർ ലോക താരം വയസ്സായി എന്നതായിരുന്നു. പൊതു ജീവിതത്തിൽ നരച്ച മുടിയും , താടിയുമായി ഒട്ടേറെ തവണ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ഡിജിറ്റൽ മാജിക്കുകളിലൂടെ ശിവാജിയിലും , ലിങ്കയിലും, യന്തിരനിലും രജനി എന്ന യുവാവിനെ കാണാം. അഥവാ രജനിയെ ആരാധകർക്ക് അങ്ങനെ തന്നെ കണ്ടാൽ മതിയായിരുന്നു. പക്ഷെ , മാറിയിടിച്ച്- മാറിപ്പോയി- എന്നിടയ്ക്കിടെ പറയുന്ന വൃദ്ധന്റെ ചുവടുകൾ അൽപ്പമെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഇടവേളയ്ക്കു മുൻപ് തന്നെ യൗവ്വന കാലത്ത് വിലസുന്ന രജനിയുടെ രംഗങ്ങൾ ഉണ്ടെങ്കിലും ആരാധകമനസുകളിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട വൃദ്ധരൂപം മായുന്നില്ല.

ഒന്നിലധികം തവണ മരണതുല്യമായ നിലയിലേക്ക് രജനി വീഴുന്ന രംഗങ്ങളാണ് മറ്റൊരു മാറ്റം. അതിപ്പോ രജനി മരിക്കില്ല എന്ന കേരളത്തിലെ പ്രേക്ഷകന്റെ മുൻവിധി ഇക്കാര്യത്തിൽ സഹായകമാകുമെങ്കിലും കണ്ടു പരിചയിക്കാത്ത ഒരു പശ്ചാത്തലത്തിലേക്ക് ശ്രദ്ധ കൊണ്ട് പോകുന്നത് അബദ്ധമായി. തമിഴ് നാട്ടിൽ ഈ അബദ്ധത്തിന് വലിയ വില കൊടുക്കേണ്ടി വരും. മരണത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ് മലയാളിക്ക് മാരക കത്തിയായി അനുഭവപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ !

രജനികാന്ത് എന്ന ഏകദൈവാവതാരം സങ്കൽപ്പത്തിൽ കാതലായ മാറ്റമൊന്നും ഇല്ല എങ്കിലും മറ്റു താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് ആദ്യമായി തോന്നി. അതിലേറെ സ്ത്രീ കഥാപാത്രങ്ങൾ ശ്രദ്ധേയമാകുന്നു എന്നതും എടുത്തു പറയണം. ധൻസിക എന്ന നടി ഈ ചിത്രത്തിൽ രജനികാന്ത് ഒഴിഞ്ഞു വച്ച വെള്ളിത്തിരയിലെ ഇടിമുഴക്കത്തിന്റെ വനിതാ പതിപ്പാകുന്നു. ഇടവേളയോടെ സജീവമാകുന്നു ധൻസികയുടെ യോഗി എന്ന കഥാപാത്രം. ചില ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയിച്ച ടോംബ് റൈഡർ ശ്രേണിയിൽ പെടുത്താവുന്ന മികവുണ്ട് ധൻസികയുടെ മേക്കോവറിന്. ഇടവേളയ്ക്കു ശേഷം ചിത്രം രജനിയുടെയും രാധിക ആപ്തെയുടെയും വാർദ്ധക്യത്തിന്റെ ആകുലതകളിലേക്കും പുനഃസംഗമത്തിന്റെ ലോലതകളിലേക്കും വഴുതുമ്പോൾ തോക്കേന്തിയ വനിതയായി ധൻസിക യുവാക്കളെ ഏറ്റെടുക്കുന്നു. സൗന്ദര്യവും , ചടുലതയും, കൃത്യതയും യോഗിയെ ചിത്രത്തിൽ ഉറപ്പിച്ചു നിർത്തുന്നു. പുതിയ തലമുറ നായികയായി ഇനി ധൻസിക ഇവിടൊക്കെ തന്നെ കാണും.

അത്ര വലിയൊരു സസ്പെൻസ് അല്ലങ്കിലും കാത്തുവയ്ക്കുന്നൊരു ക്ളൈമാക്സ് ഉണ്ട് ചിത്രത്തിന്. അതും ഒരു മാറ്റം തന്നെ. ചിത്രത്തിന് തെളിയിച്ചെടുക്കാൻ പറ്റാതെ പോയൊരു കഥയുണ്ട്. കഥയല്ല , ഒരു രാഷ്ട്രീയമുണ്ട്. ഒരു ചിത്രവും ഇതു വരെ പറഞ്ഞിട്ടില്ലാത്ത ഒരു കുടിയേറ്റ കാലത്തിന്റെ തമിഴ് ചരിത്രം. മലേഷ്യയിലേക്കും , തായ്‌ലാൻഡിലേക്കും മസ്സാജ് തേടിപ്പോകുന്നവർ മറന്നു പോകുന്നൊരു ഇന്ത്യൻ ചരിത്രം ആ മണ്ണിലുള്ളത് കബാലിക്ക് കുറച്ചു കൂടി വൃത്തിയായും ആവേശകരമായും പറയാമായിരുന്നു. ആ കുടിയേറ്റ ചരിത്രവും അതിന്റെ ത്യാഗവും തോക്കുകളുതിർക്കുന്ന കാതടപ്പിക്കുന്ന വെടിയൊച്ചയിൽ നേർത്ത രോദനം മാത്രമായിപ്പോയി. അതാണ് ചിത്രത്തിന്റെ സംവിധാന ദുരന്തം.

വൃത്തിയുണ്ട് സിനിമയ്ക്ക്. ചിലർ ചിലപ്പോൾ ഒന്നിലേറെ തവണ കാണുകയും ചെയ്യും. *** 5/ 10